
നീണ്ട 12 വർഷത്തിനുശേഷം കരീന കപൂർ പൊലീസ് വേഷത്തിൽ എത്തുന്നു. ഡിസിപി അജൂന എന്ന കഥാപാത്രമായി 'ദൈറ'യിലൂടെയാണ് കരീനയുടെ തിരിച്ചുവരവ്. പൃഥ്വിരാജും കരീനകപൂറും പ്രധാന വേഷത്തിലെത്തുന്ന ചിത്രം മേഘ്ന ഗുൽസാറാണ് സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും മലയാളത്തിലുമായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പൊലീസ് വേഷത്തിലുള്ള വില്ലനാണോ പൃഥ്വിരാജ് എന്ന ചോദ്യം ചിത്രത്തിന്റെ ടീസർ ഉയർത്തുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഒരു ത്രില്ലർ ചിത്രമാണിത്. മലയാളത്തിലും ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്.
ജംഗിൾ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം, രാസി, തൽവാർ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്കുശേഷം മേഘ്ന ഗുൽസാറും ജംഗിൾ പിക്ചേഴ്സും വീണ്ടും ഒന്നിക്കുന്ന പ്രൊജക്റ്റ് കൂടിയാണ്. നേർക്കുനേർ പൃഥ്വിയും കരീനയും നിറഞ്ഞുനിൽക്കുന്ന ചിത്രം നിയമവും നീതിയും തമ്മിലുള്ള നേർത്ത അതിർവരമ്പുകളിലൂടെയാണ് സഞ്ചരിക്കുന്നത്.
മേഘ്നയും യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഏറെ നാളുകൾക്കുശേഷമാണ് പൃഥ്വിരാജും പൊലീസ് വേഷത്തിൽ എത്തുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രേക്ഷകരെ ആദ്യാവസാനം ഒട്ടേറെ ചോദ്യങ്ങളും ചർച്ചകളും ഉയർത്താൻ പ്രേരിപ്പിക്കുന്ന 'ദൈറ' സെപ്റ്റംബർ 18ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
2014ൽ പുറത്തിറങ്ങിയ 'സിങ്കം റിട്ടേൺസ്' എന്ന അജയ് ദേവ്ഗൺ ചിത്രത്തിലാണ് കരീന കപൂർ അവസാനമായി കാക്കി വേഷം അണിഞ്ഞത്.











